തിരുവനന്തപുരം: മിൽമ ഫെഡറേഷൻ തീരുമാനിച്ച പാൽവില വർധന ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മേഖല ക്ഷീരോത്പാദക യൂണിയനിലെ മിൽമ ഫെഡറേഷൻ ഭരണസമിതി അംഗങ്ങൾ ചെയർമാനും മാനേജിംഗ് ഡയറക്ടർക്കും കത്ത് നൽകി. ഫെഡറേഷൻ ഓഫീസിനു മുന്നിൽ ചെയർമാന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പു സമരവും നടത്തി.
കഴിഞ്ഞ ഓഗസ്റ്റിൽ എറണാകുളം യൂണിയൻ വില വർധന സംബന്ധിച്ചു കത്തു നൽകിയിരുന്നു. വില വർധനയെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ആറു രൂപ വരെ വർധിപ്പിക്കാവുന്നതാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് മിൽമ ഫെഡറേഷൻ യോഗം ചേർന്നു വില വർധിപ്പിക്കാൻ തീരുമാനിച്ചു.
തീരുമാനം നടപ്പാക്കാൻ ചെയർമാനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പല സാങ്കേതിക കാരണങ്ങൾ പറഞ്ഞു സർക്കാർ അനുകൂല ഭരണകക്ഷി അംഗങ്ങളും ചെയർമാനും പ്രഖ്യാപനം ബോധപൂർവം വൈകിപ്പിക്കുകയായിരുന്നു.കാലിത്തീറ്റയുടേയും നിത്യോപയോഗ സാധനങ്ങളുടേയും വില വർധനയും കൂലിച്ചെലവിലെ വർധനയും മൂലം ക്ഷീര മേഖല കടക്കെണിയിലാണ്.
കടുത്ത വേനലും ചൂടും വർധിച്ചതോടെ പശുക്കളുടെ പാലുത്പാദനം ഗണ്യമായി കുറഞ്ഞതും വൻ തിരിച്ചടിയായി. ചെറുകിട കർഷകർ ഈ രംഗത്തുനിന്നു പൂർണമായി കൊഴിഞ്ഞു പോകുകയാണ്. ഇനിയും ഈ രംഗത്ത് അവശേഷിക്കുന്നവരെ സംരക്ഷിക്കേണ്ടതു മിൽമയുടെ കടമയാണ്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാൽ വിലവർധന ഉടൻ നടപ്പാക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം.
എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള, ഫെഡറേഷൻ ഭരണ സമിതി അംഗങ്ങളായ ടി.എൻ. സത്യൻ, താര ഉണ്ണികൃഷ്ണൻ, കെ.കെ. ജോണ്സണ് എന്നിവർ ചേർന്നാണു മിൽമയ്ക്കു കത്തു നൽകിയത്.